തൊടുപുഴ: തപാല്‍ വകുപ്പിലെ മെയില്‍ ആന്‍ഡ് പാഴ്സല്‍ ഒപ്റ്റിമൈസേഷന്‍ പ്രോജക്ടിന്റെ ഭാഗമായി കൊച്ചി എച്ച്ആര്ഒയില് പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന എട്ടു മണിക്കൂര്‍ റൊട്ടേഷന്‍ ഷിഫ്റ്റ് സമ്പ്രദായം കേന്ദ്ര തപാല്‍ ഡയറക്ടറേറ്റ് താത്കാലികമായി മരവിപ്പിച്ചു. ജീവനക്കാരുടെ ആശങ്ക മുന്‍നിര്‍ത്തി ഡീന്‍ കുര്യാക്കോസ് എംപി കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് നല്കിയ അടിയന്തര നിവേദനത്തെത്തുടര്‍ന്നാണ് അനുകൂല തീരുമാനം.
രാജ്യവ്യാപകമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്കാരത്തിന്റെ ആദ്യ ഘട്ട പൈലറ്റ് കേന്ദ്രങ്ങളിലൊന്നായിട്ടാണ് കൊച്ചി നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ച് ജീവനക്കാര്‍ക്ക് മൂന്ന് എട്ടു മണിക്കൂര്‍ ഷിഫ്റ്റുകളാണ് വിഭാവനം ചെയ്തിരുന്നത്. പതിറ്റാണ്ടുകളായി തപാല്‍ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതോടൊപ്പം ജീവനക്കാരുടെ ക്ഷേമവും ഉറപ്പാക്കിയിരുന്ന നിലവിലെ സമയക്രമം അട്ടിമറിക്കുന്നതായിരുന്നു പുതിയ നിര്‍ദേശം.
പുതിയ ഷിഫ്റ്റ് സമ്പ്രദായം ജീവനക്കാര്‍ക്ക്, പ്രത്യേകിച്ച് വനിതാ ജീവനക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പുലര്‍ച്ചെ ആറിന് ജോലിക്കെത്താനും രാത്രി 10നു മടങ്ങാനും കൊച്ചിയിലും പരിസരപ്രദേശങ്ങളിലും ആവശ്യത്തിന് പൊതുഗതാഗത സൗകര്യങ്ങള്‍ ലഭ്യമല്ലാത്തത് സുരക്ഷാ ഭീഷണിയുയര്‍ത്തുന്നതായിരുന്നു. ഇടയ്ക്കിടെയുള്ള ഷിഫ്റ്റ് മാറ്റം ജീവനക്കാരുടെ കുടുംബജീവിതത്തെ ബാധിക്കുമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ഫെഡറേഷന് ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍സ് പരാതിപ്പെട്ടിരുന്നു.
തുടര്‍ന്ന് സംഘടനകള്‍ നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി വിഷയം നേരിട്ട് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും കൃത്യമായ സാമൂഹികതൊഴില്‍ ആഘാത പഠനങ്ങള്‍ നടത്താതെയും യൂണിയനുകളുമായി ചര്‍ച്ച ചെയ്യാതെയും നടപ്പാക്കുന്ന പരിഷ്കാരം അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
ഇതേതുടര്‍ന്ന് ഫീല്‍ഡ് തലങ്ങളില്‍നിന്നുള്ള ആക്ഷേപങ്ങള്‍ കൂടി പരിശോധിച്ച ശേഷമാണ് തപാല്‍ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ദേവേന്ദര്‍ കുമാര്‍ സിംഗ് തുടര്‍ ഉത്തരവുണ്ടാകുന്നതു വരെ തുടര്‍ച്ചയായ സോര്ട്ടിംഗുമായി ബന്ധപ്പെട്ട ബിപിആര്‍ പരിഷ്കാരങ്ങള്‍ മരവിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി എംപി നടത്തിയ ശക്തമായ ഇടപെടലിന് ഒടുവില്‍ അനുകൂല ഫലം കണ്ടതിന്റെ ആശ്വാസത്തിലാണ് പോസ്റ്റല്‍ ജീവനക്കാര്‍.